2010 ഓഗസ്റ്റ് 10, ചൊവ്വാഴ്ച

മുസ്ലിംലീഗും വനിതാ സംവരണവും

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വനിതകള്‍ക്ക് അമ്പത് ശതമാനം സംവരണം ഏര്‍പ്പെടുത്തിയ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണ് കേരളത്തില്‍ നടക്കുവാന്‍ പോകുന്നത്. ഈ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാകുന്ന തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് വേണ്ടി ഒരു രാഷ്ട്രീയ പ്രസ്ഥാനം പെരുമാറ്റചട്ടം നടപ്പിലാക്കുവാന്‍ പോകുന്നു എന്ന കൌതുകകരമായ വാര്‍ത്തയാണ് ഈ കുറിപ്പിന് ആധാരം. അഖിലേന്ത്യാ മുസ്ലിംലീഗ് എന്ന മുസ്ലിംലീഗ് ആണ് ഈ രാഷ്ട്രീയ പ്രസ്ഥാനം. നടപ്പിലാക്കുവാന്‍ പോകുന്ന പെരുമാറ്റചട്ടം തികച്ചും മതപരം ആയതും സാമൂഹികമായി യാതൊരു പ്രാധാന്യം ഇല്ലാത്തതും ആണ് എന്ന് മനസ്സിലാകുമ്പോള്‍ ആണ് കേരളത്തിലെ ഒരു മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനം എത്ര മാത്രം അധമമായി ചിന്തിക്കുന്ന നേത്രുത്വത്താല്‍ നയിക്കപ്പെടുന്നതാണ് എന്ന് മനസ്സിലാക്കുവാന്‍ സാധിക്കുന്നത്. സ്ത്രീയും പുരുഷനും സമൂഹത്തില്‍ തുല്യരാണ് എന്ന വിശാല കാഴ്ചപ്പാടോടെ ഭരണരംഗത്തും സ്ത്രീകള്‍ക്ക് പുരുഷന്മാര്‍ക്കൊപ്പമോ ഒരുപക്ഷെ അതിലും കൂടുതലോ ആയ ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിച്ചു നല്‍കുന്ന വിപ്ലവകരമായ ഒരു മാറ്റമാണ് വനിതകള്‍ക്ക് അമ്പത് ശതമാനം സംവരണം എന്നുള്ളത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഏര്‍പ്പെടുത്തിയതിലൂടെ നടപ്പിലാകുവാന്‍ പോകുന്നത്. എന്നാല്‍ സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുവാനുള്ള ഈ ശ്രമത്തെ ചിലരെങ്കിലും പരോക്ഷമായി എതിര്‍ക്കുന്നു എന്നുള്ളതിന്റെ ഉത്തമമായ ഉദാഹരണം ആണ് മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനം തങ്ങളുടെ വനിതാവിഭാഗം ആയ വനിതാലീഗ് പ്രവര്‍ത്തകര്‍ക്ക് നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്ന പെരുമാറ്റചട്ടം.

ഈ പെരുമാറ്റചട്ടത്തിന്റെ ചില വ്യവസ്ഥകള്‍ ആണ് : വനിതാലീഗ് പ്രവര്‍ത്തകര്‍ മറ്റ് വനിതാ സംഘടനകളുമായി ബന്ധപ്പെടുവാണോ സഹകരിക്കുവാണോ പാടില്ല, കുടുംബ ജീവിതത്തിന്റെ കെട്ടുറപ്പിനെ ബാധിക്കാത്തവിധത്തില്‍ സാമൂഹ്യപ്രവര്‍ത്തനം നിര്‍ബന്ധമായും ക്രമീകരിക്കണം, മതത്തിന്റെ ചിട്ടകള്‍ക്ക് അനുസൃതമായ വസ്‌ത്രം മാത്രം ധരിക്കണം തുടങ്ങിയവ. ഇത്തരം പെരുമാറ്റ ചട്ടങ്ങള്‍ സ്ത്രീകള്‍ക്ക്  മാത്രം ബാധകം ആയതാണ് എന്നുള്ളതാണ് ഈ പ്രസ്ഥാനത്തിന്റെ വികലമായ മനസ്ഥിതി വെളിവാക്കുന്ന കാര്യം. ഒരു വനിതാ ലീഗ് പ്രവര്‍ത്തക മറ്റൊരു വനിതാ സംഘടനയുടെ പ്രവര്‍ത്തകരുമായി സഹകരിച്ചാല്‍ ഈ സമൂഹത്തില്‍ എന്തെങ്കിലും ദോഷകരമായ കാര്യങ്ങള്‍ സംഭവിക്കും എന്ന് ചിന്തിക്കുന്നത് വിഡിത്തരം അല്ലാതെ മറ്റൊന്നും അല്ല.   സ്‌ത്രീകളുടെ രാഷ്‌ട്രീയ പ്രവേശനം കുടുംബഭദ്രത തകര്‍ക്കും എന്ന തരത്തില്‍ പ്രതികരിക്കുന്നത് എത്രത്തോളം അല്‍പ്പത്തരം ആണ് എന്ന് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നവര്‍ ഒന്ന് ചിന്തിച്ചിരുന്നെങ്കില്‍ നന്നായിരുന്നു. എന്റെ നാട്ടില്‍ ഗ്രാമപഞ്ചായത്തിന്റെയും ബ്ലോക്ക്പഞ്ചായത്തിന്റെയും നിലവിലുള്ള പ്രതിനിധികള്‍ വനിതകള്‍ ആണ്. അവരുടെ കുടുംബ ജീവിതത്തില്‍ എന്തെങ്കിലും പോരായ്മകള്‍ സംഭവിച്ചിട്ടുള്ളതായി എനിയ്ക്കറിയില്ല. മാത്രവുമല്ല, നാട്ടിലെ സാമൂഹിക പ്രാധാന്യമുള്ള ഏതു വിഷയങ്ങളിലും ഇവര്‍ സജീവമായി ഇടപെടാറുമുണ്ട്. മതവും രാഷ്ട്രീയവും രണ്ടായി കാണുവാന്‍ സാധിക്കാത്ത ചില നേതാക്കന്മാര്‍ മതത്തിന്റെ ചിട്ടകള്‍ക്ക് അനുസൃതമായ വസ്‌ത്രം മാത്രം ധരിക്കണം എന്ന് അനുശാസ്സിക്കുമ്പോള്‍ മറന്നുപോകുന്ന ഒരു കാര്യം തിരഞ്ഞെടുക്കപ്പെടുന്ന വനിതാലീഗ് പ്രവര്‍ത്തകര്‍ അറിയപ്പെടുക മതപ്രതിനിധികള്‍ എന്നല്ല ജനപ്രതിനിധികള്‍ എന്നാണു എന്നുള്ളതാണ്. ജനം എന്ന് പറയുന്നത് ഏതെങ്കിലും ഒരു മതത്തിന്റെ വിശ്വാസികള്‍ മാത്രം അല്ല എന്ന സത്യം എന്തുകൊണ്ടാണ് ഇവര്‍ ഓര്‍ക്കാത്തത്.

ഇത്തരം പ്രസ്താവനകള്‍ നടത്തുന്നവര്‍ ഉള്ളിന്റെയുള്ളില്‍ സ്ത്രീകളെ തങ്ങളുടെ അടിമകള്‍ ആയി മാത്രം കാണുവാന്‍ ഇഷ്ട്ടപ്പെടുന്നവര്‍ ആണ് എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. അതിന്റെ ബഹിര്സ്ഫുരണങ്ങള്‍ ആണ് ഇതുപോലെയുള്ള പെരുമാറ്റ ചട്ടങ്ങള്‍. പൊതുപ്രവര്‍ത്തനവും കുടുംബജീവിതവും ഒന്നിച്ചു കൊണ്ടുപോകുവാന്‍  സ്ത്രീകള്‍ക്ക് സാധിക്കും എന്നുള്ളതിന്റെ അനേകം ഉദാഹരണങ്ങള്‍ കേരളത്തില്‍ തന്നെ കാണുവാന്‍ സാധിക്കും. കാലാകാലമായി പൊതുസമൂഹത്തിന്റെ പിന്നാമ്പുറത്തുനിന്ന സ്‌ത്രീസമൂഹം തങ്ങള്‍ക്കു ലഭിക്കുന്ന അവസ്സരങ്ങള്‍ വളരെ നല്ല രീതിയില്‍ ഉപയോഗിക്കുന്നു എന്നുള്ളതിന്റെ ഏറ്റവും നല്ല ഉദാഹരണം ആണ് "കുടുംബശ്രീ" എന്ന കൂട്ടായ്മയുടെ വിജയഗാഥ. പുതുതലമുറ ബാങ്കുകള്‍ പോലും കുടുംബശ്രീകള്‍ക്ക് നല്‍കിവരുന്ന ഈട് രഹിത വായ്പാ പദ്ധതികള്‍ സ്ത്രീകളിലുള്ള വിശ്വാസ്യതയെ ഉയര്ത്തിപ്പിടിക്കുമ്പോള്‍, സാമൂഹികമായ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുവാന്‍ സ്ത്രീകളെ പ്രോത്സാഹിപ്പിക്കെണ്ടുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ ചിലത് അപഹാസ്യമായ തരത്തില്‍ സ്ത്രീകള്‍ക്കെതിരായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് തികച്ചും അപലപനീയം തന്നെയാണ്.

2010 ഓഗസ്റ്റ് 8, ഞായറാഴ്‌ച

പഞ്ചായത്ത് തിരഞ്ഞെടുപ്പും ലത്തീന്‍ കത്തോലിക്ക സഭയും

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (കെസിബിസി) ആഹ്വാനത്തിന്നു വ്യത്യസ്തമായി ലത്തീന്‍ കത്തോലിക്കാ വിഭാഗം സ്വന്തം നിലപാട് സ്വീകരിക്കും എന്ന് സഭയുടെ രാഷ്ട്രീയകാര്യ സമിതിയായ കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) തീരുമാനിച്ചു. - വാര്‍ത്ത. രാഷ്ട്രീയത്തിനപ്പുറം വികസനത്തിനു മുന്‍തൂക്കം നല്‍കുക, പ്രാദേശിക പ്രശ്നങ്ങള്‍ മനസ്സിലാക്കി ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കുക, സ്ഥാനാര്‍ഥികളെ നിശ്ചയിക്കാന്‍ അതത് രാഷ്ട്രീയ കക്ഷികള്‍ക്ക് ഉള്ള അധികാരത്തെ അംഗീകരിച്ചുകൊണ്ട് തന്നെ സമുദായത്തിന് ഭൂരിപക്ഷമുള്ളിടത്ത് സമുദായാംഗങ്ങളെ പരിഗണിക്കണമെന്ന് വിവിധ രാഷ്ട്രീയ കക്ഷികളോട് ആവശ്യപ്പെടുക, മത്സരിക്കുന്നവരെ പങ്കെടുപ്പിച്ച് ഇടവക തലങ്ങളില്‍ പ്രാദേശിക വികസനം സംബന്ധിച്ച് സംവാദം സംഘടിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ കെആര്‍എല്‍സിസി തീരുമാനിച്ചു എന്നും കെആര്‍എല്‍സിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് സൂസെപാക്യത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ ആര്‍ച്ച് ബിഷപ്പ് ഫ്രാന്‍സീസ് കല്ലറയ്ക്കല്‍, ബിഷപ്പുമാരായ ഡോ. വിന്‍സെന്റ് സാമുവല്‍, ജോസഫ് കരിയില്‍, ഡോ. ജോസഫ് കളത്തിപറമ്പില്‍, സെക്രട്ടറി ഷാജി ജോര്‍ജ്, ജനറല്‍ സെക്രട്ടറി ഫാ. സ്റ്റീഫന്‍ ജി. കുളക്കായത്തില്‍, ഫാ. പയസ് ആറാട്ടുകുളം തുടങ്ങിയവര്‍ സംബന്ധിച്ചു എന്നും ഈ വാര്‍ത്ത പറയുന്നു.

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ പ്രവര്‍ത്തനങ്ങളില്‍ സജീവമായ പങ്കാളികള്‍ ആകുവാന്‍ കത്തോലിക്ക വിശ്വാസികളെ ആഹ്വാനം ചെയ്യുന്ന കെ.സി.ബി.സി. ഇടയലേഖനം, "ചില വരികളുടെ" സുതാര്യമില്ലായിമയുടെ പേരില്‍ പരക്കെ വിമര്‍ശ്ശിക്കപ്പെട്ടു. മതേതര രാജ്യമായ ഭാരതത്തില്‍ ഏതൊരു മതത്തില്‍ വിശ്വസ്സിക്കുന്നവര്‍ക്കും ഒരു മതത്തിലും വിശ്വസ്സിക്കാത്തവര്‍ക്കും ജനപ്രതിനിധികള്‍ ആകുവാന്‍ സ്വാതന്ത്ര്യം ഉണ്ട്, എന്നാല്‍ ദൈവവിശ്വാസം ഉണ്ടെങ്കില്‍ മാത്രമേ ഒരു വ്യക്തിയെ തിരഞ്ഞെടുക്കാവൂ എന്ന കെസിബിസിയുടെ ആഹ്വാനം പ്രത്യക്ഷത്തില്‍ തന്നെ ഇടതുപക്ഷ വിരുദ്ധം ആയിരുന്നു. ഉത്തമരും പ്രാപ്‌തരും പൊതുനന്മയ്‌ക്കായി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നവരും സേവനമനഃസ്ഥിതിയുള്ളവരും മൂല്യങ്ങള്‍ക്കു വിലകല്‌പിക്കുന്നവരും ഇന്‍ഡ്യയുടെ ജനാധിപത്യസംവിധാനവും ഭരണഘടനാസ്ഥാപനങ്ങളും അംഗീകരിക്കുന്നവരും ഭരണതലത്തിലേക്ക്‌ തിരഞ്ഞെടുക്കപ്പെടണം എന്നത് ഇതൊരു പൌരന്റെയും ആഗ്രഹം ആണ്. എന്നാല്‍ ഈ മൂല്യങ്ങള്‍ക്കൊപ്പം ദൈവവിശ്വാസം കൂടി ഉണ്ടെങ്കില്‍ മാത്രമേ ഒരു വ്യക്തിയെ തിരഞ്ഞെടുക്കാവൂ എന്ന കെസിബിസിയുടെ ആഹ്വാനം ഒരു വിഭാഗം മതവിശ്വാസികള്‍ക്കെങ്കിലും ആശയക്കുഴപ്പം നല്‍കുന്നതാണ്. ഈ നിലപാടിനെതിരെ ലത്തീന്‍ സഭയിലെ വിവിധ സംഘടനകള്‍ പരസ്യമായിത്തന്നെ രംഗത്തുവന്നിരുന്നു.

വിശ്വാസികള്‍ക്ക് മാത്രം വോട്ട് നല്‍കണമെന്ന കെസിബിസി നിലപാടിനോട് ലത്തീന്‍ സഭയിലെ വലിയ വിഭാഗം യോജിക്കുന്നുണ്ട്. എന്നാല്‍ ഇടതുപക്ഷം പിന്തുണയ്ക്കുന്ന വിശ്വാസികള്‍ക്ക് വോട്ട് നല്‍കരുതെന്ന കെസിബിസി നിലപാട് ശരിയല്ല എന്നും ഇടതുപക്ഷം പിന്തുണയ്ക്കുന്നതിന്റെ പേരില്‍ ഒരു മികച്ച സ്ഥാനാര്‍ത്ഥിയെ തോല്പിക്കുന്നത് ശരിയല്ലെന്നും ലത്തീന്‍ സഭയിലെ വിവിധ സംഘടനകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. എല്ലാറ്റിലുമുപരി പ്രത്യക്ഷത്തില്‍ ഇടതുപക്ഷ വിരുദ്ധ നിലപാട് ആവശ്യമില്ലെന്നും പ്രാദേശിക വികസനമടക്കമുള്ള കാര്യങ്ങള്‍ക്കാണ് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ മുന്‍തൂക്കം നല്‍കേണ്ടതെന്നും ലത്തീന്‍ സഭയിലെ ഒരു വലിയ വിഭാഗം വിശ്വാസികളും ആവശ്യപ്പെട്ടിരുന്നു. തങ്ങളുടെ വിശ്വാസികളുടെ അഭിപ്രായത്തെ പരിഗണിച്ചുകൊണ്ട്‌ തികച്ചും പ്രായോഗികമായി കക്ഷിരാഷ്ട്രീയത്തില്‍ നിന്നും ദൈവവിശ്വാസത്തെ വേറിട്ട്‌ കാണുന്ന നിലപാട് സ്വീകരിച്ച ലത്തീന്‍ കത്തോലിക്കാ സഭയുടെ രാഷ്ട്രീയകാര്യ സമിതിയായ കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ നേതൃത്വം തീര്‍ച്ചയായും അഭിനന്ദനാര്‍ഹാമായ മാതൃകയാണ് നല്‍കുന്നത്.