2010, ഓഗസ്റ്റ് 10, ചൊവ്വാഴ്ച

മുസ്ലിംലീഗും വനിതാ സംവരണവും

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വനിതകള്‍ക്ക് അമ്പത് ശതമാനം സംവരണം ഏര്‍പ്പെടുത്തിയ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണ് കേരളത്തില്‍ നടക്കുവാന്‍ പോകുന്നത്. ഈ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാകുന്ന തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് വേണ്ടി ഒരു രാഷ്ട്രീയ പ്രസ്ഥാനം പെരുമാറ്റചട്ടം നടപ്പിലാക്കുവാന്‍ പോകുന്നു എന്ന കൌതുകകരമായ വാര്‍ത്തയാണ് ഈ കുറിപ്പിന് ആധാരം. അഖിലേന്ത്യാ മുസ്ലിംലീഗ് എന്ന മുസ്ലിംലീഗ് ആണ് ഈ രാഷ്ട്രീയ പ്രസ്ഥാനം. നടപ്പിലാക്കുവാന്‍ പോകുന്ന പെരുമാറ്റചട്ടം തികച്ചും മതപരം ആയതും സാമൂഹികമായി യാതൊരു പ്രാധാന്യം ഇല്ലാത്തതും ആണ് എന്ന് മനസ്സിലാകുമ്പോള്‍ ആണ് കേരളത്തിലെ ഒരു മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനം എത്ര മാത്രം അധമമായി ചിന്തിക്കുന്ന നേത്രുത്വത്താല്‍ നയിക്കപ്പെടുന്നതാണ് എന്ന് മനസ്സിലാക്കുവാന്‍ സാധിക്കുന്നത്. സ്ത്രീയും പുരുഷനും സമൂഹത്തില്‍ തുല്യരാണ് എന്ന വിശാല കാഴ്ചപ്പാടോടെ ഭരണരംഗത്തും സ്ത്രീകള്‍ക്ക് പുരുഷന്മാര്‍ക്കൊപ്പമോ ഒരുപക്ഷെ അതിലും കൂടുതലോ ആയ ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിച്ചു നല്‍കുന്ന വിപ്ലവകരമായ ഒരു മാറ്റമാണ് വനിതകള്‍ക്ക് അമ്പത് ശതമാനം സംവരണം എന്നുള്ളത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഏര്‍പ്പെടുത്തിയതിലൂടെ നടപ്പിലാകുവാന്‍ പോകുന്നത്. എന്നാല്‍ സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുവാനുള്ള ഈ ശ്രമത്തെ ചിലരെങ്കിലും പരോക്ഷമായി എതിര്‍ക്കുന്നു എന്നുള്ളതിന്റെ ഉത്തമമായ ഉദാഹരണം ആണ് മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനം തങ്ങളുടെ വനിതാവിഭാഗം ആയ വനിതാലീഗ് പ്രവര്‍ത്തകര്‍ക്ക് നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്ന പെരുമാറ്റചട്ടം.

ഈ പെരുമാറ്റചട്ടത്തിന്റെ ചില വ്യവസ്ഥകള്‍ ആണ് : വനിതാലീഗ് പ്രവര്‍ത്തകര്‍ മറ്റ് വനിതാ സംഘടനകളുമായി ബന്ധപ്പെടുവാണോ സഹകരിക്കുവാണോ പാടില്ല, കുടുംബ ജീവിതത്തിന്റെ കെട്ടുറപ്പിനെ ബാധിക്കാത്തവിധത്തില്‍ സാമൂഹ്യപ്രവര്‍ത്തനം നിര്‍ബന്ധമായും ക്രമീകരിക്കണം, മതത്തിന്റെ ചിട്ടകള്‍ക്ക് അനുസൃതമായ വസ്‌ത്രം മാത്രം ധരിക്കണം തുടങ്ങിയവ. ഇത്തരം പെരുമാറ്റ ചട്ടങ്ങള്‍ സ്ത്രീകള്‍ക്ക്  മാത്രം ബാധകം ആയതാണ് എന്നുള്ളതാണ് ഈ പ്രസ്ഥാനത്തിന്റെ വികലമായ മനസ്ഥിതി വെളിവാക്കുന്ന കാര്യം. ഒരു വനിതാ ലീഗ് പ്രവര്‍ത്തക മറ്റൊരു വനിതാ സംഘടനയുടെ പ്രവര്‍ത്തകരുമായി സഹകരിച്ചാല്‍ ഈ സമൂഹത്തില്‍ എന്തെങ്കിലും ദോഷകരമായ കാര്യങ്ങള്‍ സംഭവിക്കും എന്ന് ചിന്തിക്കുന്നത് വിഡിത്തരം അല്ലാതെ മറ്റൊന്നും അല്ല.   സ്‌ത്രീകളുടെ രാഷ്‌ട്രീയ പ്രവേശനം കുടുംബഭദ്രത തകര്‍ക്കും എന്ന തരത്തില്‍ പ്രതികരിക്കുന്നത് എത്രത്തോളം അല്‍പ്പത്തരം ആണ് എന്ന് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നവര്‍ ഒന്ന് ചിന്തിച്ചിരുന്നെങ്കില്‍ നന്നായിരുന്നു. എന്റെ നാട്ടില്‍ ഗ്രാമപഞ്ചായത്തിന്റെയും ബ്ലോക്ക്പഞ്ചായത്തിന്റെയും നിലവിലുള്ള പ്രതിനിധികള്‍ വനിതകള്‍ ആണ്. അവരുടെ കുടുംബ ജീവിതത്തില്‍ എന്തെങ്കിലും പോരായ്മകള്‍ സംഭവിച്ചിട്ടുള്ളതായി എനിയ്ക്കറിയില്ല. മാത്രവുമല്ല, നാട്ടിലെ സാമൂഹിക പ്രാധാന്യമുള്ള ഏതു വിഷയങ്ങളിലും ഇവര്‍ സജീവമായി ഇടപെടാറുമുണ്ട്. മതവും രാഷ്ട്രീയവും രണ്ടായി കാണുവാന്‍ സാധിക്കാത്ത ചില നേതാക്കന്മാര്‍ മതത്തിന്റെ ചിട്ടകള്‍ക്ക് അനുസൃതമായ വസ്‌ത്രം മാത്രം ധരിക്കണം എന്ന് അനുശാസ്സിക്കുമ്പോള്‍ മറന്നുപോകുന്ന ഒരു കാര്യം തിരഞ്ഞെടുക്കപ്പെടുന്ന വനിതാലീഗ് പ്രവര്‍ത്തകര്‍ അറിയപ്പെടുക മതപ്രതിനിധികള്‍ എന്നല്ല ജനപ്രതിനിധികള്‍ എന്നാണു എന്നുള്ളതാണ്. ജനം എന്ന് പറയുന്നത് ഏതെങ്കിലും ഒരു മതത്തിന്റെ വിശ്വാസികള്‍ മാത്രം അല്ല എന്ന സത്യം എന്തുകൊണ്ടാണ് ഇവര്‍ ഓര്‍ക്കാത്തത്.

ഇത്തരം പ്രസ്താവനകള്‍ നടത്തുന്നവര്‍ ഉള്ളിന്റെയുള്ളില്‍ സ്ത്രീകളെ തങ്ങളുടെ അടിമകള്‍ ആയി മാത്രം കാണുവാന്‍ ഇഷ്ട്ടപ്പെടുന്നവര്‍ ആണ് എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. അതിന്റെ ബഹിര്സ്ഫുരണങ്ങള്‍ ആണ് ഇതുപോലെയുള്ള പെരുമാറ്റ ചട്ടങ്ങള്‍. പൊതുപ്രവര്‍ത്തനവും കുടുംബജീവിതവും ഒന്നിച്ചു കൊണ്ടുപോകുവാന്‍  സ്ത്രീകള്‍ക്ക് സാധിക്കും എന്നുള്ളതിന്റെ അനേകം ഉദാഹരണങ്ങള്‍ കേരളത്തില്‍ തന്നെ കാണുവാന്‍ സാധിക്കും. കാലാകാലമായി പൊതുസമൂഹത്തിന്റെ പിന്നാമ്പുറത്തുനിന്ന സ്‌ത്രീസമൂഹം തങ്ങള്‍ക്കു ലഭിക്കുന്ന അവസ്സരങ്ങള്‍ വളരെ നല്ല രീതിയില്‍ ഉപയോഗിക്കുന്നു എന്നുള്ളതിന്റെ ഏറ്റവും നല്ല ഉദാഹരണം ആണ് "കുടുംബശ്രീ" എന്ന കൂട്ടായ്മയുടെ വിജയഗാഥ. പുതുതലമുറ ബാങ്കുകള്‍ പോലും കുടുംബശ്രീകള്‍ക്ക് നല്‍കിവരുന്ന ഈട് രഹിത വായ്പാ പദ്ധതികള്‍ സ്ത്രീകളിലുള്ള വിശ്വാസ്യതയെ ഉയര്ത്തിപ്പിടിക്കുമ്പോള്‍, സാമൂഹികമായ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുവാന്‍ സ്ത്രീകളെ പ്രോത്സാഹിപ്പിക്കെണ്ടുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ ചിലത് അപഹാസ്യമായ തരത്തില്‍ സ്ത്രീകള്‍ക്കെതിരായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് തികച്ചും അപലപനീയം തന്നെയാണ്.

2010, ഓഗസ്റ്റ് 8, ഞായറാഴ്‌ച

പഞ്ചായത്ത് തിരഞ്ഞെടുപ്പും ലത്തീന്‍ കത്തോലിക്ക സഭയും

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (കെസിബിസി) ആഹ്വാനത്തിന്നു വ്യത്യസ്തമായി ലത്തീന്‍ കത്തോലിക്കാ വിഭാഗം സ്വന്തം നിലപാട് സ്വീകരിക്കും എന്ന് സഭയുടെ രാഷ്ട്രീയകാര്യ സമിതിയായ കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) തീരുമാനിച്ചു. - വാര്‍ത്ത. രാഷ്ട്രീയത്തിനപ്പുറം വികസനത്തിനു മുന്‍തൂക്കം നല്‍കുക, പ്രാദേശിക പ്രശ്നങ്ങള്‍ മനസ്സിലാക്കി ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കുക, സ്ഥാനാര്‍ഥികളെ നിശ്ചയിക്കാന്‍ അതത് രാഷ്ട്രീയ കക്ഷികള്‍ക്ക് ഉള്ള അധികാരത്തെ അംഗീകരിച്ചുകൊണ്ട് തന്നെ സമുദായത്തിന് ഭൂരിപക്ഷമുള്ളിടത്ത് സമുദായാംഗങ്ങളെ പരിഗണിക്കണമെന്ന് വിവിധ രാഷ്ട്രീയ കക്ഷികളോട് ആവശ്യപ്പെടുക, മത്സരിക്കുന്നവരെ പങ്കെടുപ്പിച്ച് ഇടവക തലങ്ങളില്‍ പ്രാദേശിക വികസനം സംബന്ധിച്ച് സംവാദം സംഘടിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ കെആര്‍എല്‍സിസി തീരുമാനിച്ചു എന്നും കെആര്‍എല്‍സിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് സൂസെപാക്യത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ ആര്‍ച്ച് ബിഷപ്പ് ഫ്രാന്‍സീസ് കല്ലറയ്ക്കല്‍, ബിഷപ്പുമാരായ ഡോ. വിന്‍സെന്റ് സാമുവല്‍, ജോസഫ് കരിയില്‍, ഡോ. ജോസഫ് കളത്തിപറമ്പില്‍, സെക്രട്ടറി ഷാജി ജോര്‍ജ്, ജനറല്‍ സെക്രട്ടറി ഫാ. സ്റ്റീഫന്‍ ജി. കുളക്കായത്തില്‍, ഫാ. പയസ് ആറാട്ടുകുളം തുടങ്ങിയവര്‍ സംബന്ധിച്ചു എന്നും ഈ വാര്‍ത്ത പറയുന്നു.

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ പ്രവര്‍ത്തനങ്ങളില്‍ സജീവമായ പങ്കാളികള്‍ ആകുവാന്‍ കത്തോലിക്ക വിശ്വാസികളെ ആഹ്വാനം ചെയ്യുന്ന കെ.സി.ബി.സി. ഇടയലേഖനം, "ചില വരികളുടെ" സുതാര്യമില്ലായിമയുടെ പേരില്‍ പരക്കെ വിമര്‍ശ്ശിക്കപ്പെട്ടു. മതേതര രാജ്യമായ ഭാരതത്തില്‍ ഏതൊരു മതത്തില്‍ വിശ്വസ്സിക്കുന്നവര്‍ക്കും ഒരു മതത്തിലും വിശ്വസ്സിക്കാത്തവര്‍ക്കും ജനപ്രതിനിധികള്‍ ആകുവാന്‍ സ്വാതന്ത്ര്യം ഉണ്ട്, എന്നാല്‍ ദൈവവിശ്വാസം ഉണ്ടെങ്കില്‍ മാത്രമേ ഒരു വ്യക്തിയെ തിരഞ്ഞെടുക്കാവൂ എന്ന കെസിബിസിയുടെ ആഹ്വാനം പ്രത്യക്ഷത്തില്‍ തന്നെ ഇടതുപക്ഷ വിരുദ്ധം ആയിരുന്നു. ഉത്തമരും പ്രാപ്‌തരും പൊതുനന്മയ്‌ക്കായി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നവരും സേവനമനഃസ്ഥിതിയുള്ളവരും മൂല്യങ്ങള്‍ക്കു വിലകല്‌പിക്കുന്നവരും ഇന്‍ഡ്യയുടെ ജനാധിപത്യസംവിധാനവും ഭരണഘടനാസ്ഥാപനങ്ങളും അംഗീകരിക്കുന്നവരും ഭരണതലത്തിലേക്ക്‌ തിരഞ്ഞെടുക്കപ്പെടണം എന്നത് ഇതൊരു പൌരന്റെയും ആഗ്രഹം ആണ്. എന്നാല്‍ ഈ മൂല്യങ്ങള്‍ക്കൊപ്പം ദൈവവിശ്വാസം കൂടി ഉണ്ടെങ്കില്‍ മാത്രമേ ഒരു വ്യക്തിയെ തിരഞ്ഞെടുക്കാവൂ എന്ന കെസിബിസിയുടെ ആഹ്വാനം ഒരു വിഭാഗം മതവിശ്വാസികള്‍ക്കെങ്കിലും ആശയക്കുഴപ്പം നല്‍കുന്നതാണ്. ഈ നിലപാടിനെതിരെ ലത്തീന്‍ സഭയിലെ വിവിധ സംഘടനകള്‍ പരസ്യമായിത്തന്നെ രംഗത്തുവന്നിരുന്നു.

വിശ്വാസികള്‍ക്ക് മാത്രം വോട്ട് നല്‍കണമെന്ന കെസിബിസി നിലപാടിനോട് ലത്തീന്‍ സഭയിലെ വലിയ വിഭാഗം യോജിക്കുന്നുണ്ട്. എന്നാല്‍ ഇടതുപക്ഷം പിന്തുണയ്ക്കുന്ന വിശ്വാസികള്‍ക്ക് വോട്ട് നല്‍കരുതെന്ന കെസിബിസി നിലപാട് ശരിയല്ല എന്നും ഇടതുപക്ഷം പിന്തുണയ്ക്കുന്നതിന്റെ പേരില്‍ ഒരു മികച്ച സ്ഥാനാര്‍ത്ഥിയെ തോല്പിക്കുന്നത് ശരിയല്ലെന്നും ലത്തീന്‍ സഭയിലെ വിവിധ സംഘടനകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. എല്ലാറ്റിലുമുപരി പ്രത്യക്ഷത്തില്‍ ഇടതുപക്ഷ വിരുദ്ധ നിലപാട് ആവശ്യമില്ലെന്നും പ്രാദേശിക വികസനമടക്കമുള്ള കാര്യങ്ങള്‍ക്കാണ് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ മുന്‍തൂക്കം നല്‍കേണ്ടതെന്നും ലത്തീന്‍ സഭയിലെ ഒരു വലിയ വിഭാഗം വിശ്വാസികളും ആവശ്യപ്പെട്ടിരുന്നു. തങ്ങളുടെ വിശ്വാസികളുടെ അഭിപ്രായത്തെ പരിഗണിച്ചുകൊണ്ട്‌ തികച്ചും പ്രായോഗികമായി കക്ഷിരാഷ്ട്രീയത്തില്‍ നിന്നും ദൈവവിശ്വാസത്തെ വേറിട്ട്‌ കാണുന്ന നിലപാട് സ്വീകരിച്ച ലത്തീന്‍ കത്തോലിക്കാ സഭയുടെ രാഷ്ട്രീയകാര്യ സമിതിയായ കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ നേതൃത്വം തീര്‍ച്ചയായും അഭിനന്ദനാര്‍ഹാമായ മാതൃകയാണ് നല്‍കുന്നത്.

2010, ജൂലൈ 26, തിങ്കളാഴ്‌ച

നഗ്നനായത് സഖാവ് വി എസ്സോ അതോ....

പോപ്പുലര്‍ ഫ്രണ്ട് എന്ന സംഘടനയുടെ പ്രവര്‍ത്തനങ്ങളെ പറ്റി കേരളത്തിന്റെ മുഖ്യമന്ത്രി വി.എസ്. അച്ചുതാനന്ദന്‍ കഴിഞ്ഞ ദിവസം നടത്തിയ ഒരു പ്രസ്താവന പലരും ചേര്‍ന്ന് വിവാദമാക്കി തീര്‍ക്കുകയാണ് ഇപ്പോള്‍. ഒരു സമുദായത്തെ മുഴുവനും മുഖ്യമന്ത്രി അവഹേളിച്ചു എന്ന രീതിയിലാണ് പ്രതികരണങ്ങള്‍ പലതും. സി.പി.എം എന്ന രാഷ്ട്രീയ കക്ഷിയെ എതിര്‍ക്കുന്ന എല്ലാ രാഷ്ട്രീയ സംഘടനകള്‍ക്കും ഈ വിഷയത്തില്‍ ഒരേ അഭിപ്രായം തന്നെയാണ് ഉള്ളത് - മുസ്ലിം ലീഗിനും, കോണ്‍ഗ്രസ്സിനും ബി.ജെ.പി ക്കും എല്ലാം. സഖാവ് വിഎസ്, താങ്കളും നഗ്നനാണ്, മുഖ്യമന്ത്രി പറയാന്‍ പാടില്ലാത്തത്‌, കമ്യൂണിസ്റ്റുകാരന്റെ കാവി മനസ്സ്, വി എസ്, വിവരക്കേടിന് ഒരതിരുണ്ട്‌ ..... ഇങ്ങനെ ബ്ലോഗിലും നിരവധി പ്രതികരണങ്ങള്‍. വി. എസ്. പറഞ്ഞത് പോപ്പുലര്‍ ഫ്രണ്ടിനെ പറ്റി; എന്നാല്‍ ആ പ്രസ്ഥാനത്തെ എതിര്‍ക്കുന്നവര്‍ എന്ന് അവകാശപ്പെടുന്നവര്‍പോലും അതിനെ വ്യാഖ്യാനിക്കുന്നത് വി.എസ്. ഒരു സമുദായത്തെ മോശമായി ചിത്രീകരിക്കുന്നു എന്നും.

വി.എസ്സിന്റെ പ്രസ്താവനയുടെ കാരണമായി ഒരു പ്രമുഖ ദിനപത്രം (ദേശാഭിമാനി അല്ല) ചൂണ്ടികാട്ടുന്നത് "ജനാധിപത്യത്തെക്കുറിച്ചൊരു കാഴ്ചപ്പാട്" എന്ന പേരിലുള്ള ഒരു പുസ്തകമാണ്. ഈ പുസ്തകത്തിന്റെ രചയിതാവ് കശ്മീരി ജിഹാദി പ്രസ്ഥാനത്തിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത കേസ്സിലെ പ്രതിയും തടിയന്റവിട നസീറിന്റെ ഉറ്റ അനുയായിയുമായ സര്‍ഫ്രസ് നവാസ് ആണ്. ഈ പുസ്തകം പോലീസിനു ലഭിക്കുന്നത് ആലുവയില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സ്ഥലത്ത് നടത്തിയ റെയിഡില്‍. എഴുപതോളം പേജുള്ള ഈ പുസ്തകം നിറയെ ജനാധിപത്യ വിരുദ്ധ പരാമര്‍ശമാണ്. ജനം തിരഞ്ഞെടുത്ത ഭരണകൂടത്തെ അട്ടിമറിച്ച് ഇസ്‌ലാമിക രീതിയിലുള്ള ഭരണകൂടം സ്ഥാപിക്കണമെന്ന് പുസ്തകം ആഹ്വാനം ചെയ്യുന്നു. സാമ്പ്രദായിക കോടതികള്‍ക്ക് പകരം 'ദൈവത്തിന്റെ കോടതികള്‍' അഥവാ 'ദാറുല്‍ ഖദകള്‍' സംസ്ഥാനം മുഴുവനും സ്ഥാപിക്കണമെന്നും കുറ്റവാളികള്‍ക്ക് ശരിഅത്ത് നിയമപ്രകാരമുള്ള ശിക്ഷ വിധിക്കണമെന്നും പുസ്തകത്തിലുണ്ട്. പുസ്തകത്തിന്റെ കോപ്പികള്‍ എത്തിപ്പെടാനിടയുള്ള സ്ഥലങ്ങളില്‍ വ്യാപകമായ റെയ്ഡ് നടക്കുകയാണ്. ഈ പുസ്തകത്തെക്കുറിച്ചും സംസ്ഥാനത്ത് പോപ്പുലര്‍ഫ്രണ്ടിന്റെ കാര്‍മികത്വത്തില്‍ നടക്കുന്ന ബദല്‍ ഗവണ്‍മെന്റിനെക്കുറിച്ചും പോലീസ് മുഖ്യമന്ത്രിയെ ധരിപ്പിച്ചിരുന്നു. സാധുക്കള്‍ക്ക് അരിയും വസ്ത്രവും നല്‍കുക, ഔദ്യോഗിക തലത്തില്‍പ്പോലുമുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുക, ജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും ദാറുല്‍ ഖദകളില്‍ പരിഹാരം കാണുക എന്നിങ്ങനെ സമാന്തര സര്‍ക്കാര്‍ സംവിധാനത്തിന് പോപ്പുലര്‍ഫ്രണ്ട് തുടക്കമിട്ടിട്ടുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ വിവരം നല്‍കിയിരുന്നു

ഇങ്ങനെയൊരു സാഹചര്യത്തില്‍ ഇത്തരം ഒരു സംഘടനയെക്കുറിച്ച് ഒരു സംസ്ഥാനത്തിന്റെ ഭരണാധികാരി എന്ന നിലയില്‍ ഗൌരവ പൂര്‍ണ്ണമായ വാക്കുകള്‍ തന്നെയാണ് സഖാവ് വി. എസ്. പറഞ്ഞത്. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുവാന്‍ നടക്കുന്ന പലരും അതിനു മതത്തിനെതിരായ സാക്ഷ്യപത്രം എന്ന ബഹുമതി ചാര്‍ത്തി നല്‍കുന്നു. മുസ്ലിങ്ങള്‍ എല്ലാവരും പോപ്പുലര്‍ ഫ്രണ്ടുകാര്‍ അല്ല എന്ന് പറയുന്നവര്‍ തന്നെ പോപ്പുലര്‍ ഫ്രണ്ടുകാരായ മുസ്ലിങ്ങളുടെ പ്രവര്‍ത്തനത്തെ വിമര്‍ശിക്കുമ്പോള്‍ മുഴുവന്‍ മുസ്ലിങ്ങളെയും ആക്ഷേപിക്കുന്നു എന്ന തരത്തില്‍ പ്രതികരിക്കുന്നു.

നഗ്നനായത് സഖാവ് വി എസ്സോ അതോ....

2010, ജൂലൈ 6, ചൊവ്വാഴ്ച

ഭ്രാന്തനെ മുഹമ്മദ്‌ എന്ന് വിളിച്ചാല്‍....

മുഹമ്മദ്‌ നബി എന്ന പ്രവാചകന്‍ ഇസ്ലാം മതത്തിലെ ഏറ്റവും ബഹുമാന്യനായ മനുഷ്യന്‍ ആയതു ആ മനുഷ്യന്റെ പേര് "മുഹമ്മദ്‌" എന്ന് ആയതുകൊണ്ടാണോ അതോ ആ മനുഷ്യനിലൂടെ ഇസ്ലാമിന്റെ വേദഗ്രന്ഥമായ ഖുര്‍-ആന്‍ അവതരിപ്പിക്കപ്പെട്ടു എന്നതുകൊണ്ടാണോ എന്നു എനിക്ക് അറിയില്ല. മുഹമ്മദ്‌ എന്ന പേര് ഇന്ന് ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് ഉള്ള പേരാണ്. തങ്ങളുടെ പ്രവാചകനോടുള്ള സ്നേഹവും ബഹുമാനവും നിമിത്തം മതവിശ്വാസികള്‍ സ്വന്തം കുഞ്ഞുങ്ങള്‍ക്ക്‌ ആ പേര് നല്‍കുന്നത്, എങ്കിലും "മുഹമ്മദ്‌" എന്ന പേര്‍ വഹിക്കുന്നവര്‍ എല്ലാം പൊതു സമൂഹത്തിനു മാതൃകയായി ജീവിക്കുന്നവര്‍ ആണോ? മുഹമ്മദ്‌ എന്നാല്‍ "നബി" എന്ന് മാത്രം ആണ് അര്‍ഥം എങ്കില്‍ ഇസ്ലാം മതവിശ്വാസികള്‍ സ്വന്തം കുഞ്ഞുങ്ങള്‍ക്ക്‌ ആ നാമം നല്കുമായിരുന്നോ?

ഇന്ന് ലോകത്ത് മുഹമ്മദ്‌ എന്ന പേരുള്ള ഒരു കുറ്റവാളിയെങ്കിലും ജീവിച്ചിരിപ്പുണ്ടാകും. എന്നാല്‍ മുഹമ്മദ്‌ എന്ന നാമം ഇസ്ലാം മതവിശ്വാസി അല്ലാത്ത ഒരാള്‍ ഏതെങ്കിലും സാഹചര്യത്തില്‍ ഉപയോഗിച്ചാല്‍ അത് ഇസ്ലാം മതത്തെയും ആ മതത്തിന്റെ പ്രവാചകനെയും നിന്ദിക്കുവാന്‍ വേണ്ടി മാത്രം ആണു എന്ന നിഗമനത്തില്‍ എത്തിച്ചേരുന്ന ഒരു സമൂഹം ഇസ്ലാം മതവിശ്വാസികള്‍ക്കിടയില്‍ വളര്‍ന്നു വരുന്നു. അതിന്റെ ഉത്തമമായ ഉദാഹരണമാണ് തൊടുപുഴയിലെ ന്യൂമാന്‍ കോളേജില്‍ വിവാദം ആയ ചോദ്യപേപ്പര്‍ തയ്യാറാക്കിയ പ്രൊഫസര്‍ ജോസഫിന് നേരെയുണ്ടായ ആക്രമണം.

പ്രൊഫസ്സര്‍ ജോസഫ് തയ്യാറാക്കിയ ആ ചോദ്യ പേപ്പറില്‍ രണ്ടു ചോദ്യങ്ങളില്‍ മുഹമ്മദ്‌ എന്ന പേര് ഉപയോഗിചിട്ടുണ്ടായിരുന്നു. ഒന്നാമത്തെ ചോദ്യത്തിലും പതിനൊന്നാമത്തെ ചോദ്യത്തിലും. ഒന്നാമത്തെ ചോദ്യത്തില്‍ എന്‍.പി. മുഹമ്മദ്‌ എന്നും പതിനൊന്നാമത്തെ ചോദ്യത്തില്‍ മുഹമ്മദ്‌ എന്നും. ഇതില്‍ വിവാദം ആക്കപ്പെട്ട ചോദ്യം പതിനോന്നാമത്തെതായിരുന്നു. ആ ചോദ്യത്തില്‍ മുഹമ്മദ്‌, പടച്ചോന്‍ എന്നിവയ്ക്കൊപ്പം നായ എന്ന പ്രയോഗവും കൂടി കടന്നുവന്നു. ചോദ്യകര്‍ത്താവ് ക്രിസ്തുമത വിശ്വാസി, മുഹമ്മദ്‌ എന്നാല്‍ ഇസ്ലാം പ്രവാചകന്‍ (മുഹമ്മദ്‌ നബി എന്നു എഴുതിയാലേ പ്രവാചകന്‍ എന്നു അര്‍ത്ഥമുള്ളൂ എന്നായിരുന്നു എന്റെ ധാരണ), പടച്ചോന്‍ എന്നാല്‍ മുസ്ലിമിന്റെ ദൈവം. എല്ലാം ഒത്തുവന്നപ്പോള്‍ സംശയിക്കെണ്ടിവന്നില്ല, ഇത് മുസ്ലിങ്ങളെ അപമാനിക്കാനുള്ള ഗൂഡാലോചന തന്നെയാണ്. "രോഗി ഇശ്ചിച്ചതും വൈദ്യന്‍ കല്‍പ്പിച്ചതും" എന്ന മട്ടില്‍ കുറെയധികം ആളുകള്‍ ഇത് ഏറ്റെടുത്തു. അതിന്റെ അലയൊലികള്‍ വിവിധ ബ്ലോഗുകളിലും ഉണ്ടായി.

എന്നാല്‍ ആരോപണ വിധേയനായ മനുഷ്യന് പറയാനുണ്ടായിരുന്നത് കേള്‍ക്കുവാന്‍ ആരും ഉണ്ടായില്ല. ആര്‍ക്കും അതിനു താല്‍പ്പര്യവും ഉണ്ടായില്ല. സ്വ്വന്തം തെറ്റിന്റെ ശിക്ഷ ആ മുനഷ്യന്‍ ഏറ്റുവാങ്ങി. ഒളിച്ചോട്ടം, മകന് പോലീസിന്റെ തൊഴി,തൊഴില്‍ നഷ്ട്ടം, ക്രിമിനല്‍ കേസ്, വധ ഭീഷണി, മാനസികപീഡനം അവസാനം പരസ്യമായി മാപ്പും പറഞ്ഞു .... ഉപ്പു തിന്നവന്‍ ആവോളം വെള്ളം കുടിച്ചു. എങ്കിലും ചിലര്‍ക്ക് അത് ബോധ്യമായില്ല, അവര്‍ തങ്ങളുടേതായ മാര്‍ഗത്തില്‍ ശിക്ഷ നടപ്പാക്കി. ഇപ്പോള്‍ ആ മനുഷ്യന്‍ ആശുപത്രിയില്‍...

എങ്കിലും ഇപ്പോഴും ചിലര്‍ ആ വിഷയത്തിനു വര്‍ഗ്ഗീയ പരിവേഷം നല്‍കുവാന്‍ ശ്രമിക്കുന്നു.. ആ ചോദ്യം ഏതോ ഒളിയജണ്ടയുടെ ഭാഗമായി എഴുതി ചേര്‍ത്തതാണ് എന്നതാണ് ഇപ്പോഴും പലരും പറഞ്ഞു കേള്‍ക്കുന്നത്. യഥാര്‍തത്തില്‍ ആ ചോദ്യം എങ്ങനെയുണ്ടായി... ആ ചോദ്യം വന്ന വഴിയെക്കുറിച്ചു ആ അദ്ധ്യാപകന്‍ പറഞ്ഞ വാക്കുകളെ സാധൂകരിക്കുന്നതു ഈ പുസ്തകമാണ്.

പുസ്തകത്തിന്റെ പേര് : തിരക്കഥകളുടെ രീതിശാസ്ത്രം / പുസ്തകത്തിന്റെ രചയിതാവ് : പി എം ബിനുലാല്‍ / പുസ്തകത്തിന്റെ പ്രസാധകര്‍ : ഭാഷാ ഇന്‍സ്റ്റിട്യൂട് / ചോദ്യമായി നല്‍കിയ ഭാഗം എടുത്തിരിക്കുന്നത് : 'തിരക്കഥ -ഒരു വിശ്വാസിയുടെ കണ്ടെത്തല്‍' എന്ന ലേഖനത്തില്‍ നിന്നും / ലേഖനത്തിന്റെ രചയിതാവ് : പി. ടി. കുഞ്ഞിമുഹമ്മദ്


ഒരു പക്ഷെ പി. ടി. കുഞ്ഞിമുഹമ്മദ് തന്നെയായിരിക്കുമോ ആ ചോദ്യത്തിലെ മുഹമ്മദ്‌...???? കാരണം ഈ ലേഖനത്തില്‍ പി. ടി. കുഞ്ഞിമുഹമ്മദ് പറയുന്നത് താന്‍ ദൈവവുമായി സംവദിക്കുന്നത് ആ ഭ്രാന്തന്റെ രീതിയില്‍ ആണു എന്നാണു.....

2010, ജൂലൈ 5, തിങ്കളാഴ്‌ച

തൊടുപുഴ - പതിനൊന്നാമത്തെ ചോദ്യത്തിനു ഉത്തരം കിട്ടി !!!

അങ്ങനെ പതിനൊന്നാമത്തെ ചോദ്യത്തിനു ഉത്തരം കിട്ടി !!!


ഉത്തരം കൃത്യം.. മൂന്നു കഷണം ... വലതു കൈ, ഇടതു കൈ, ഇടതു കാല്‍...


ഉപയോഗിച്ച ചിഹ്നങ്ങള്‍ ... കോടാലി, വാള്‍, തോട്ട, പടക്കം....