2010, ഓഗസ്റ്റ് 8, ഞായറാഴ്‌ച

പഞ്ചായത്ത് തിരഞ്ഞെടുപ്പും ലത്തീന്‍ കത്തോലിക്ക സഭയും

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (കെസിബിസി) ആഹ്വാനത്തിന്നു വ്യത്യസ്തമായി ലത്തീന്‍ കത്തോലിക്കാ വിഭാഗം സ്വന്തം നിലപാട് സ്വീകരിക്കും എന്ന് സഭയുടെ രാഷ്ട്രീയകാര്യ സമിതിയായ കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) തീരുമാനിച്ചു. - വാര്‍ത്ത. രാഷ്ട്രീയത്തിനപ്പുറം വികസനത്തിനു മുന്‍തൂക്കം നല്‍കുക, പ്രാദേശിക പ്രശ്നങ്ങള്‍ മനസ്സിലാക്കി ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കുക, സ്ഥാനാര്‍ഥികളെ നിശ്ചയിക്കാന്‍ അതത് രാഷ്ട്രീയ കക്ഷികള്‍ക്ക് ഉള്ള അധികാരത്തെ അംഗീകരിച്ചുകൊണ്ട് തന്നെ സമുദായത്തിന് ഭൂരിപക്ഷമുള്ളിടത്ത് സമുദായാംഗങ്ങളെ പരിഗണിക്കണമെന്ന് വിവിധ രാഷ്ട്രീയ കക്ഷികളോട് ആവശ്യപ്പെടുക, മത്സരിക്കുന്നവരെ പങ്കെടുപ്പിച്ച് ഇടവക തലങ്ങളില്‍ പ്രാദേശിക വികസനം സംബന്ധിച്ച് സംവാദം സംഘടിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ കെആര്‍എല്‍സിസി തീരുമാനിച്ചു എന്നും കെആര്‍എല്‍സിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് സൂസെപാക്യത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ ആര്‍ച്ച് ബിഷപ്പ് ഫ്രാന്‍സീസ് കല്ലറയ്ക്കല്‍, ബിഷപ്പുമാരായ ഡോ. വിന്‍സെന്റ് സാമുവല്‍, ജോസഫ് കരിയില്‍, ഡോ. ജോസഫ് കളത്തിപറമ്പില്‍, സെക്രട്ടറി ഷാജി ജോര്‍ജ്, ജനറല്‍ സെക്രട്ടറി ഫാ. സ്റ്റീഫന്‍ ജി. കുളക്കായത്തില്‍, ഫാ. പയസ് ആറാട്ടുകുളം തുടങ്ങിയവര്‍ സംബന്ധിച്ചു എന്നും ഈ വാര്‍ത്ത പറയുന്നു.

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ പ്രവര്‍ത്തനങ്ങളില്‍ സജീവമായ പങ്കാളികള്‍ ആകുവാന്‍ കത്തോലിക്ക വിശ്വാസികളെ ആഹ്വാനം ചെയ്യുന്ന കെ.സി.ബി.സി. ഇടയലേഖനം, "ചില വരികളുടെ" സുതാര്യമില്ലായിമയുടെ പേരില്‍ പരക്കെ വിമര്‍ശ്ശിക്കപ്പെട്ടു. മതേതര രാജ്യമായ ഭാരതത്തില്‍ ഏതൊരു മതത്തില്‍ വിശ്വസ്സിക്കുന്നവര്‍ക്കും ഒരു മതത്തിലും വിശ്വസ്സിക്കാത്തവര്‍ക്കും ജനപ്രതിനിധികള്‍ ആകുവാന്‍ സ്വാതന്ത്ര്യം ഉണ്ട്, എന്നാല്‍ ദൈവവിശ്വാസം ഉണ്ടെങ്കില്‍ മാത്രമേ ഒരു വ്യക്തിയെ തിരഞ്ഞെടുക്കാവൂ എന്ന കെസിബിസിയുടെ ആഹ്വാനം പ്രത്യക്ഷത്തില്‍ തന്നെ ഇടതുപക്ഷ വിരുദ്ധം ആയിരുന്നു. ഉത്തമരും പ്രാപ്‌തരും പൊതുനന്മയ്‌ക്കായി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നവരും സേവനമനഃസ്ഥിതിയുള്ളവരും മൂല്യങ്ങള്‍ക്കു വിലകല്‌പിക്കുന്നവരും ഇന്‍ഡ്യയുടെ ജനാധിപത്യസംവിധാനവും ഭരണഘടനാസ്ഥാപനങ്ങളും അംഗീകരിക്കുന്നവരും ഭരണതലത്തിലേക്ക്‌ തിരഞ്ഞെടുക്കപ്പെടണം എന്നത് ഇതൊരു പൌരന്റെയും ആഗ്രഹം ആണ്. എന്നാല്‍ ഈ മൂല്യങ്ങള്‍ക്കൊപ്പം ദൈവവിശ്വാസം കൂടി ഉണ്ടെങ്കില്‍ മാത്രമേ ഒരു വ്യക്തിയെ തിരഞ്ഞെടുക്കാവൂ എന്ന കെസിബിസിയുടെ ആഹ്വാനം ഒരു വിഭാഗം മതവിശ്വാസികള്‍ക്കെങ്കിലും ആശയക്കുഴപ്പം നല്‍കുന്നതാണ്. ഈ നിലപാടിനെതിരെ ലത്തീന്‍ സഭയിലെ വിവിധ സംഘടനകള്‍ പരസ്യമായിത്തന്നെ രംഗത്തുവന്നിരുന്നു.

വിശ്വാസികള്‍ക്ക് മാത്രം വോട്ട് നല്‍കണമെന്ന കെസിബിസി നിലപാടിനോട് ലത്തീന്‍ സഭയിലെ വലിയ വിഭാഗം യോജിക്കുന്നുണ്ട്. എന്നാല്‍ ഇടതുപക്ഷം പിന്തുണയ്ക്കുന്ന വിശ്വാസികള്‍ക്ക് വോട്ട് നല്‍കരുതെന്ന കെസിബിസി നിലപാട് ശരിയല്ല എന്നും ഇടതുപക്ഷം പിന്തുണയ്ക്കുന്നതിന്റെ പേരില്‍ ഒരു മികച്ച സ്ഥാനാര്‍ത്ഥിയെ തോല്പിക്കുന്നത് ശരിയല്ലെന്നും ലത്തീന്‍ സഭയിലെ വിവിധ സംഘടനകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. എല്ലാറ്റിലുമുപരി പ്രത്യക്ഷത്തില്‍ ഇടതുപക്ഷ വിരുദ്ധ നിലപാട് ആവശ്യമില്ലെന്നും പ്രാദേശിക വികസനമടക്കമുള്ള കാര്യങ്ങള്‍ക്കാണ് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ മുന്‍തൂക്കം നല്‍കേണ്ടതെന്നും ലത്തീന്‍ സഭയിലെ ഒരു വലിയ വിഭാഗം വിശ്വാസികളും ആവശ്യപ്പെട്ടിരുന്നു. തങ്ങളുടെ വിശ്വാസികളുടെ അഭിപ്രായത്തെ പരിഗണിച്ചുകൊണ്ട്‌ തികച്ചും പ്രായോഗികമായി കക്ഷിരാഷ്ട്രീയത്തില്‍ നിന്നും ദൈവവിശ്വാസത്തെ വേറിട്ട്‌ കാണുന്ന നിലപാട് സ്വീകരിച്ച ലത്തീന്‍ കത്തോലിക്കാ സഭയുടെ രാഷ്ട്രീയകാര്യ സമിതിയായ കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ നേതൃത്വം തീര്‍ച്ചയായും അഭിനന്ദനാര്‍ഹാമായ മാതൃകയാണ് നല്‍കുന്നത്.

1 അഭിപ്രായം:

 1. സീസറിനുള്ളത് സീസറിനും ദൈവത്തി

  നുള്ളത് ദൈവത്തിനും എന്ന് പണ്ടേ

  പറഞ്ഞിട്ടുള്ളതാണ് . അതായത് ജനങ്ങളും

  സീസറും തമ്മിലുള്ള കളിയില്‍ ദൈവം

  തേര്‍ഡ് അമ്പയറായി പോലും ഉണ്ടാകില്ല

  വേണമെങ്കില്‍ ഇവര്‍ക്ക് പാവലിയനിലിരുന്നു

  കളി കാണാം

  മറുപടിഇല്ലാതാക്കൂ

ഈ വഴി വന്നതിനും ഇവിടെ അല്‍പസമയം ചിലവഴിച്ചതിനും നന്ദി. താങ്കളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്താം....